National
ചണ്ഡീഗഡ്: ഹരിയാനയിലെ പട്ടൗടിയിൽ അമിതവേഗത്തിൽ വന്ന കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയ സുഭാഷ് (70), കൊച്ചുമക്കൾ സെയ്ദ് (10), ഇഷാന്ത് (8) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഒളിവിലാണ്.
അവധിക്കാലം ആഘോഷിക്കാൻ രാജസ്ഥാനിലെ അൽവാറിൽ നിന്ന് പട്ടൗടിയിൽ എത്തിയതായിരുന്നു കുട്ടികൾ. സുഭാഷും കൊച്ചുമക്കളും വാടീന് സമീപം നടക്കാനിറങ്ങിയപ്പോഴാണ് പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചുവീഴ്ത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവറെ ഉടൻ തന്നെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പെൺസുഹൃത്തിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്.
ഇഷ്ടത്തിലായിരുന്ന പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന് കിരണിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതേതുടർന്ന് കിരൺ ഉൾപ്പടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ സമീപത്തുകൂടി വന്ന പോലീസ് ജീപ്പ് കണ്ട് ഭയന്ന് വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയത്. പിന്നീട് ഇയാളെ വീടിനുള്ളിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ചിറയിൻകീഴ് ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: സമൂഹമാധ്യമത്തിലെ ലൈംഗീകാരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി ദീപക്കിന്റെ കുടുംബത്തിന് സാമ്പത്തിക, നിയമസഹായം വാഗ്ദാനം ചെയ്ത് രാഹുൽ ഈശ്വർ.
ദീപക്കിന്റെ കുടുംബത്തിന് മലബാർ ഫൈസൽ ഒരു ലക്ഷം രൂപ നൽകുമെന്ന് രാഹുൽ ഈശ്വർ അറിയിച്ചു. മെൻസ് കമ്മീഷൻ മിഷൻ, ദീപക്കിന്റെ കുടുംബത്തിന് എല്ലാ വിധ സഹായവും എത്തിക്കുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
അതേസമയം, യുവതിയെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും പുരുഷ കമ്മിഷൻ ഭാരവാഹിയായ രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.
സംഭവത്തിൽ, ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിൽ വടകര സ്വദേശിനി ഷിംജിത മുസ്തഫയ്ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളജ് പോലീസ് ആണ് കേസെടുത്തത്.
District News
മണിമല: മരിച്ചുപോയെന്ന് വിശ്വസിച്ചിരുന്ന നാഗമുത്തുവിനെ തിരികെ നൽകിയ കറിക്കാട്ടൂർ ആശ്രയ ഭവൻ അധികൃതർക്ക് നന്ദിയർപ്പിക്കുകയാണ് പ്രിയ കുടുംബാംഗങ്ങൾ.
2009ൽ തമിഴ്നാട്ടിലെ സെന്തിൽ കോട്ട ഗ്രാമത്തിൽ നിന്നാണ് മാനസിക വെല്ലുവിളി നേരിടുന്ന നാഗമുത്തു കേരളത്തിലെത്തുന്നത്. രണ്ടുവർഷം കോട്ടയം നവജീവനിൽ അന്തേവാസിയായി കഴിഞ്ഞശേഷം കറിക്കാട്ടൂർ ആശ്രയ ഭവനിൽ എത്തിച്ചേർന്നു. അധികം ആരോടും സംസാരിക്കാത്ത നാഗമുത്തു ആശ്രയ ഭവനിലെ മറ്റ് അന്തേവാസികളെ ശുശ്രൂഷിക്കുന്നതിൽ വളരെയധികം താത്പര്യം കാണിച്ചിരുന്നു. കമ്മിറ്റി അംഗങ്ങളുടെയും അന്തേവാസികളുടെയും വലിയ സ്നേഹം നേടിയെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
അടുത്തനാളിൽ ഓർമ തിരിച്ചു കിട്ടിയപ്പോൾ അദ്ദേഹം തന്റെ നാടിനെപ്പറ്റിയും വീടിനെപ്പറ്റിയും കുടുംബാംഗങ്ങളെപ്പറ്റിയും പറയുകയുണ്ടായി. ഭാര്യ ലൈലയുടെ പേരാണ് കയ്യിൽ പച്ച കുത്തിയിരിക്കുന്നതെന്നും ഓർമിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശ്രമ ഭവൻ സെക്രട്ടറി പാപ്പച്ചൻ നരുവേലിക്കുഴി നടത്തിയ അന്വേഷണങ്ങളിലൂടെ നാഗമുത്തുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുവാൻ സാധിച്ചു. കുടുംബാംഗങ്ങൾ ആശ്രയ ഭവനുമായും നാഗമുത്തുവുമായും വീഡിയോ കോൾ നടത്തി കൃത്യത വരുത്തി. തുടർന്ന് ഭാര്യയും മക്കളും സഹോദരങ്ങളും ഉൾപ്പെടെ എട്ടാംഗങ്ങൾ കഴിഞ്ഞദിവസം കറിക്കാട്ടൂർ ആശ്രയ ഭവനിൽ എത്തി. നാഗമുത്തുവുമായി നാട്ടിലേക്ക് മടങ്ങി.
നാഗമുത്തുവും ഭാര്യ ലൈലയും കുടുംബാംഗങ്ങളുമായുള്ള സമാഗമം ഹൃദയസ്പർശിയായിരുന്നു. ആശ്രയ ഭവൻ കുടുംബത്തോട് നന്ദി അർപ്പിക്കുവാൻ വാക്കുകൾഇല്ലാതെ ഭാര്യ ലൈലയും കുടുംബാംഗങ്ങളും വിതുമ്പി. ആശ്രയ ഭവനിൽ ഇപ്പോൾ 20 അന്തേവാസികളാണ് ഉള്ളത്. ഇതിനുമുമ്പും ഇതര സംസ്ഥാനക്കാരായ നാല് പേരുടെ കുടുംബാംഗങ്ങളെ കണ്ടെത്തി തിരികെ ഏൽപ്പിച്ചിട്ടുണ്ട്.